അന്ധ ബധിര പുനരധിവാസ പദ്ധതി : ശില്‌പശാല

തെള്ളകം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നടപ്പിലാക്കുന്ന അന്ധ ബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന ശില്‌പശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്‌പശാലയുടെ സമാപന സമ്മേളനം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നൂതന കാഴ്‌ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അന്ധ ബധിര വൈകല്യമുള്ളവരെ ശാസ്‌ത്രീയമായി പുനരധിവസിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി സന്തോഷ്‌ കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വികലാംഗ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും വഹിക്കുന്ന പങ്ക്‌ സ്‌തുത്യര്‍ഹമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, സെന്‍സ്‌ ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ ബ്രഹ്‌ദ ശങ്കര്‍, ജ്യോതിര്‍ഗമയ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഡയറക്‌ടര്‍ സിസ്റ്റര്‍ അനീസ്‌, കെ.എസ്‌.എസ്‌.എസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ഫാ. ബിന്‍സ്‌ ചേത്തലില്‍, പ്രൊജക്‌ട്‌ കോര്‍ഡിനേറ്റര്‍മാരായ ബബിത ടി ജെസ്സില്‍, ഷൈല തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.
അന്ധ ബധിര ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സ്‌ ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ചാണ്‌ ശില്‌പശാല സംഘടിപ്പിച്ചത്‌. ശില്‌പശാലയുടെ ഭാഗമായി അന്ധ ബധിരവൈകല്യം, ശാസ്‌ത്രീയ പുനരധിവാസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്‌ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ആരോഗ്യരംഗത്തെ പ്രമുഖര്‍, വികലാംഗക്ഷേമ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍, സെന്‍സ്‌ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


img

img

img